തിരുനെറ്റി കല്ല്
കണ്ണൂർ ജില്ലയിലെ ജോസ്‌ഗിരിയിലാണ് തിരുനെറ്റിക്കല്ല്. ജോസ്ഗിരിയിൽ നിന്നും രണ്ടരകിലോമീറ്റർ ദൂരം താണ്ടിയാൽ തിരുനെറ്റിക്കല്ലിലെത്താം. മുഖാമുഖം നിൽക്കുന്ന വലിയ പാറകൾക്കിടയിൽ വലിയൊരു ഉരുളൻ കല്ല്. ആ കല്ലിനെ ഇവിടെയുള്ളവർ തിരുനെറ്റിക്കല്ലെന്നു പേരിട്ടു വിളിച്ചു. പാറക്കൂട്ടങ്ങളെ മൂടുന്ന കോടമഞ്ഞ് ഇടയ്ക്ക് കാഴ്ചകളെ മറയ്ക്കുമെങ്കിലും ഇവിടെ നിന്നും നോക്കിയാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചില പട്ടണങ്ങളും മലയോര ഗ്രാമങ്ങളും മാത്രമല്ല, കർണാടകയിലെ വനവും തലക്കാവേരി സ്ഥിതി ചെയ്യുന്ന കുടകിലെ ബാഗമണ്ഡലം പ്രദേശങ്ങളും വിദൂരതയിൽ ദൃശ്യമാകും. മലമുകളിൽ നിൽക്കുമ്പോൾ വീശിയടിക്കുന്ന കാറ്റും തണുപ്പും സ്വർഗത്തിലെത്തിയ പ്രതീതിയാണ് സന്ദർശകർക്കു സമ്മാനിക്കുന്നത്.