ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂർ ജില്ല ആസ്ഥാനത്തുനിന്ന്ഏകദേശം 80 കിലോമീറ്റർ വടക്ക് കിഴക്ക് മാറിയും പയ്യന്നൂർ താലൂക്ക് ആസ്ഥാനത്തുനിന്ന് 38 കിലോമീറ്റർ കിഴക്ക് മാറിയും സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് ചെറുപുഴ. കിഴക്ക് കർണാടകയിൽനിന്ന് ഉൽഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ ചേരുന്ന തേജസ്വിനി എന്നും മലയോരത്ത് കാര്യങ്കോട് എന്നും അറിയപ്പെടുന്ന പുഴയോട് തിരുമേനിയുടെ കിഴക്കൻ മേഖലകളിൽ നിന്ന് ഉൽഭവിച്ച് വടക്ക് പടിഞ്ഞാറോട്ട്ഒഴുകി കാര്യങ്കോട് പുഴയോട് ചേരുന്ന ചെറിയ പുഴയുടെ സംഗമസ്ഥലമാണ് ചെറുപുഴ എന്നറിയപ്പെടുന്നത്.താരതമ്യേന വലിയ പുഴയോട് ചെറിയ പുഴ ചേരുന്ന സ്ഥലം എന്നതിനാലാവണം ചെറുപുഴ എന്ന പേര് നിഷ്പന്നമായത് എന്ന് കരുതുന്നത്. പെരിങ്ങോം വയക്കര പഞ്ചായത്ത് വിഭജിച്ച് 2000 ഒക്ടോബർ രണ്ടിന് നിലവിൽ വന്ന ചെറുപുഴ പഞ്ചായത്തിന്‍റെ കിഴക്ക് സഹ്യപർവതം മലനിരകൾ തലയുയർത്തി നിൽക്കുന്നു. കര്‍ണ്ണാടകസംസ്ഥാനവും ഉദയഗിരി പഞ്ചായത്തും കിഴക്കൻ അതിർത്തി പങ്കിടുന്നു. വടക്ക് കാര്യങ്കോട്പുഴഅതിർത്തി തീർത്ത് പടിഞ്ഞാറോട്ട് ഒഴുകുന്നു. മറുകര ഈസ്റ്റ് എളേരി പഞ്ചായത്ത് കാസർഗോഡ് ജില്ലയിലാണ്.തെക്ക് ആലക്കോട് പഞ്ചായത്തും പടിഞ്ഞാറ് പെരിങ്ങോം വയക്കര പഞ്ചായത്തും അതിർത്തി പങ്കിടുന്നു.കുന്നും മലയും താഴ്വാരങ്ങളും ഉൾപ്പെടുന്ന പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം75.64ചതുരശ്ര കിലോമീറ്റർ ആണ്.ഭരണനിർവഹണത്തിനായി പഞ്ചായത്തിനെ 19 വാർഡുകളായി വിഭജിച്ചിരിക്കുന്നു.
പഞ്ചായത്ത് നിലവില്‍ വന്നതിനുശേഷം ആസ്ഥാനമായ ചെറുപുഴ ദ്രുതഗതിയിലുള്ള വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കകയാണ്. കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലെ ഏറ്റവും പ്രധാന വികസിത പട്ടണം ആയി ചെറുപുഴ മാറുകയാണ്. കേരള വികസനത്തിന് ആക്കം കൂട്ടുന്ന മലയോര ഹൈവേ കടന്നുപോകുന്നത് ചെറുപുഴ പട്ടണത്തിലൂടെയാണ്. ഭൗതിക സാഹചര്യ വികസനത്തോടൊപ്പം സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെല്ലാം ചെറുപുഴ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ചെറുപുഴ പട്ടണത്തിലെ ധനകാര്യ സ്ഥാപനങ്ങൾ, ജ്വല്ലറികൾ മറ്റു വൻകിട വ്യാപാരസ്ഥാപനങ്ങൾ എന്നിവയുടെ എണ്ണവും വിദ്യാഭ്യാസ മേഖലയിൽ സാന്നിധ്യം അറിയിച്ചു വളർന്നുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ചെറുപുഴയുടെ വികസനത്തെ സാക്ഷ്യപ്പെടുത്തുന്നു.
പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ 3000 വർഷം പഴക്കം കണക്കാക്കുന്ന മനോഹരമായി ചെത്തിമിനുക്കിയ ചെങ്കൽ ഗുഹകളും അവയിൽ നിന്ന് ലഭിച്ച ചാരുതയാർന്ന മൺകലങ്ങളും കുടങ്ങളും പ്രാചീനകാലത്ത് പഞ്ചായത്ത് ജനവാസ കേന്ദ്രങ്ങൾ ആയിരുന്നു എന്നതിന്റെ സൂചനകളെ വെളിവാക്കുന്നു.മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള പുരോഗതിയിൽ ഓരോ ഘട്ടങ്ങളും മനുഷ്യൻ പുതിയ പുതിയ വഴികൾ തേടുകയായിരുന്നു. ആയുധങ്ങളുടെ കണ്ടുപിടിത്തവും കൃഷിയുടെ ഉൽഭവവും സാധ്യമായതോടെ മനുഷ്യൻ പുതിയ മേഖലകളിലേക്ക് കുതിക്കുകയായിരുന്നു.കുന്നിൻ മുകളിലും മലഞ്ചെരുവുകളിലും വേട്ടയാടിയും കായകനികളും കിഴങ്ങുകളും ഭക്ഷിച്ച് ജീവിതം നയിച്ചിരുന്ന ഗോത്രസമൂഹം പിന്നീട് കൃഷിയോടൊപ്പം യാത്ര തുടങ്ങുകയായിരുന്നു. സ്വകാര്യ സ്വത്തിന്റെ ഉൽഭവവും കൃഷിയുടെ വളർച്ചയോടൊപ്പം തന്നെ മനുഷ്യ സമൂഹത്തിന്റെ ഘടനയിലും മാറ്റം വരാൻ തുടങ്ങി. അടിമ ഉടമ സമ്പ്രദായവും തുടർന്നുവന്ന ജന്മി കുടിയാന്‍ ബന്ധവുമെല്ലാം നമുടെ സാമൂഹ്യ ഘടനയുടെ സവിശേഷതയായിരുന്നു.
19-നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ തൊട്ടടുത്ത പഞ്ചായത്തായ ഈസ്റ്റ് എളേരിയിൽ ഭൂഉടമയ്ക്ക് ഗോത്രവർഗ്ഗത്തിൽപ്പെട്ടയാളെ അടിമയായി കൈമാറ്റം ചെയ്തതായി ചരിത്രകാരനായ ഏ വി അനിൽകുമാർ രേഖപ്പെടുത്തിയിട്ടുണ്ട് .അടിമ-ഉടമ ജന്മികുടിയൻ ഫ്യൂഡല്‍ ജാതി വ്യവസ്ഥയുടെ ജീര്‍ണ്ണമായനൂലിഴകളിലൂടെയാണ് നമ്മുടെ പ്രദേശത്തിന്റെ ചരിത്രം വികസിച്ചത്. മദ്രാസ് പ്രവിശ്യയില്‍പ്പെട്ട ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്ന ചെറുപുഴ പഞ്ചായത്തിന്റെ ഭാഗങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ പയ്യന്നൂർ ഭാഗത്തുനിന്ന് കൃഷിക്കായി നിരവധി കുടുംബങ്ങൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതായും തദ്ദേശീയരുമായി ഇഴ ചേർന്ന് കുരുമുളക് കൃഷിയും പുനംകൃഷിയു മായി ജീവിതം നയിച്ചു വന്നതായി കരുതുന്നു. ഒരുകാലത്ത് പഞ്ചായത്തിന്‍റെ സാമൂഹിക ജീവിതത്തെ സമ്പന്നമാക്കിയത് കുരുമുളക് കൃഷിയും പുനം കൃഷിയുമായിരുന്നു. പുനം കൃഷി എന്നറിയപ്പെടുന്ന കര നെല്‍ കൃഷി പ്രധാനമായും മലഞ്ചെരുവുകളിൽ കാട് വെട്ടിതെളിച്ചാണ് ചെയ്ത് വന്നിരുന്നത്. പുനം കൃഷി മലകളിൽ നിന്ന് മലകളിലേക്ക് മാറിമാറി സഞ്ചരിച്ചിരുന്നു.പാല്‍ക്കയമ ,കോഴിവാലൻ തുടങ്ങിയവ പ്രധാന നെല്ലിനങ്ങൾ ആയിരുന്നു. പുന കൃഷിയോടൊപ്പം തന്നെ തുവര, ചാമ ,തിന,ചോളം, മുത്താറി, വെള്ളരി ,മത്തൻ, കക്കിരി തുടങ്ങിയ പച്ചക്കറികളും സുലഭമായി വിളയിച്ചിരുന്നു. മിക്കപ്പോഴും പുന കൃഷി ഉൾപ്പെടെ എല്ലാ കൃഷിയും ഭൂമിയുടെ തന്നെയും ഉടമസ്ഥാവകാശം ജന്മിമാരില്‍ നിക്ഷിപ്തമായിരുന്നു.
ഭൂമിയുടെ മേൽ അവകാശ സ്ഥാപിച്ച് പോലെ തന്നെ അവരവരുടെ കീഴിലുള്ള കുടിയാന്മാരുടെ മേലുള്ള അവകാശവും അതത് ജന്‍മിമാർക്ക് തന്നെയായിരുന്നു. ക്രൂരമായി മർദ്ദിക്കാനും കൊല്ലാൻ തന്നെയും അവകാശം ഉണ്ടായിരുന്നു. അന്നത്തെ ഫ്യൂഡല്‍ പ്രഭുക്കന്മാർക്ക് എത്രയോ ദളിത ഗോത്രവർഗ്ഗ കുടിയന്മാരെ പണിയിടങ്ങളിൽ ക്രൂരമായി മർദ്ദിച്ചു ജീവശ്ചവമാക്കിയതിന്റെയും കൊന്നു തള്ളിയതിന്റെയും കഥകൾ പഴയ തലമുറകൾ വാമൊഴിയായി കൈമാറി വന്നിട്ടുണ്ട് പുനകൃഷിയിൽ ഏർപ്പെട്ട പൂർണ ഗർഭിണിയായ സ്ത്രീ കടുത്ത മീനച്ചൂടിൽ തളർന്നിരുന്നു പോയപ്പോൾ ജൻമിയുടെ കാര്യസ്ഥന്‍ ഒറ്റയേറിൽ കൊന്നുകളഞ്ഞ കഥ പഴമക്കാർ പറഞ്ഞു കേട്ടതിൽ നിന്ന് ജന്‍മിത്വത്തിന്റെ ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ വെളിവാക്കുന്നു.
ഭൂമിയും അതിൽ ഉൾപ്പെട്ട സകലചരാചരങ്ങളും പ്രദേശത്തിന്റെ തന്നെയും അധീനതയും അവകാശവും കൈവച്ചിരുന്ന ജന്മിമാർ കുടിയാന്മാരെയും ഗോത്രവർഗ്ഗക്കാരെയും പൂർണമായും തങ്ങളുടെ കാല്‍ക്കീഴില്‍ ഒതുക്കി നിർത്തിയിരുന്നു.വാശി നുരി വെച്ച് കാണൽ മുക്കാല്‍ കള്ളപ്പറ അക്രമം പിരിവുകളിലൂടെ ജന്മിമാരുടെ പത്തായപ്പുരകൾ നിറഞ്ഞുകവിഞ്ഞിരുന്നു. വേട്ടയാടി കിട്ടുന്ന മൃഗങ്ങളുടെ പ്രധാന മാംസഭാഗം ജന്മിമാർക്ക് അവകാശപ്പെട്ടതായിരുന്നു.കൊള്ള പിരിവുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവർ കിരാത മർദ്ദനം മുറകൾക്ക് വിധേയരാകേണ്ടി വന്നിരുന്നു. ഇത്തരം കൊടും ക്രൂരതകൾക്കെതിരെ അടിയാളരുടെ പ്രതിഷേധം അവരുടെ ഒറ്റപ്പെട്ട രോഷങ്ങളിൽ ഒതുങ്ങി നിന്നു. പിൽക്കാലത്ത് വളർന്നുവന്ന അധ:സ്ഥിതരുടെസംഘബോധത്തിന്റെ സമരകാഹളത്തിൽ ജന്മിമാർക്ക് എതിരായ പ്രതിഷേധത്തിന്റെ തീനാമ്പുകൾ ആയിരുന്നു. ജന്മിമാരുടെ പത്തായപുര നിറഞ്ഞു കവിയുമ്പോഴും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ വിയർപ്പൊഴുകി മണ്ണിൽ ഉരുകി തീരുന്ന കീഴാളന്റെ ജീവിതം കൊടും പട്ടിണിയുടെയും ദാരിദ്രത്തിന്റെയും ദുരിത കയങ്ങളിലായിരുന്നു.ഉടുതുണിക്ക്മറുതുണിയില്ലാതെ ചോർന്നൊലിക്കുന്ന ചാളങ്ങളിൽ മൃഗതുല്യരായി ജീവിച്ചുവരുന്ന ഒരു സമൂഹത്തെ അടിച്ചമർത്തി അടിമ തുല്യരായി നിർത്തുക ജന്മി പ്രഭുക്കന്മാർക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.
1935 ആകുമ്പോഴേക്കും പഞ്ചായത്തിന്റെ പ്രാപ്പൊയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കർഷകരുടെ ചെറു കൂട്ടായ്മകൾ വളർന്നുവരാൻ തുടങ്ങി. പുരകെട്ടി മേയാൻ പുല്ല് ശേഖരിക്കാനുള്ള അവകാശം നിഷേധിച്ച ജന്മിമാർക്കെതിരെ സംഘം ചേർന്ന് പുല്ല് ശേഖരിച്ചതിൽ ജന്മിമാർക്കെതിരായി പ്രതിഷേധത്തിന്റെ സ്വരം ഉണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോഴും അടിസ്ഥാന ജനസമൂഹം അടിമത്തം പേറി നടക്കുകയായിരുന്നു. കൊടും പട്ടിണിയിൽ ഉഴലുന്ന അടിസ്ഥാന വർഗ്ഗത്തെ സഹായിക്കാൻ പയ്യന്നൂർ ഫര്‍ക്കയിലെ ജന്മിമാരുടെ പത്തായപുരകളിൽ കുമിഞ്ഞുകൂടിയ നെല്ലെടുത്ത് വിതരണം ചെയ്യാൻ കർഷക പ്രസ്ഥാനത്തിന്റെ നേതാക്കൾ നിശ്ചയിച്ചു. 1948 ഏപ്രിൽ 28 പ്രാപ്പോയിലിലെ കുറ്റൂർ വേങ്ങയിൽ തറവാടിന്റെ ചിറ്റാരി തകർത്ത് കർഷകർ നെല്ലെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. ജന്മിമാര്‍ക്കും അവർക്ക് പിന്‍തുണ നൽകുന്ന ഭരണകൂട ഭീകരതയ്ക്കും എതിരായ സംഘം ചേരലിന്റെ ഭാഗമായി 1948 ഏപ്രിൽ 30ന് 42 ഓളം കർഷകരെ സംഘടിപ്പിച്ച് കെ സി കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തിൽ മുനയം കുന്നിൽ സമ്മേളനം സംഘടിപ്പിച്ചു.രാത്രിയില്‍പെയ്ത ചാറ്റല്‍ മഴയുടെ തണുപ്പിൽ ഉറങ്ങിപ്പോയ കർഷകസമര ഭടന്മാരെ ഉണർത്തിയത് ചുറ്റും തോക്ക് ചൂണ്ടി നിൽക്കുന്ന എംഎസ് പിക്കാരായിരുന്നു. നിരയുധരായ കർഷകസമരഭടന്മാർക്കെതിരെ തോക്കുകൾ തീതുപ്പി. 6 സമര സഖാക്കൾ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. ആറുപേരുടെയും മൃതശരീരങ്ങൾ വലിച്ചിഴച്ച് പാടിയോട്ടുചാലിൽ എത്തിച്ച് വലിയ ചെങ്കൽകുഴിയിലിട്ട് മൂടി. ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഒപ്പം ജന്മിത്വത്തിന് എതിരായി കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂരിൽ നടന്ന കർഷക സമരപോരാട്ടം സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏറ്റവും തിളങ്ങിനിൽക്കുന്ന ഏടാണ് മുനയംകുന്ന് വെടിവെപ്പ്.കയ്യൂരും കരിവെള്ളൂരും മറ്റിടങ്ങളിലും നടന്ന സംഘടിത സമര പോരാട്ടത്തിന്റെ തുടർച്ച തന്നെയായിരുന്നു മുനയംകുന്ന് സമരവും വെടിവെപ്പും പാടിയോട്ട്ചാലിൽ ഉയർന്നുനിൽക്കുന്ന മുനയംകുന്ന് സ്മാരകമന്ദിരം ഇപ്പോൾ പെരിങ്ങോം വയക്കര പഞ്ചായത്തിലാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മുന്നേറ്റത്തിന്റെ രക്തശോഭിതമായ ഒരു ഏടാണ് മുനയംകുന്ന്. മുനയകുന്നിൽ വെടിവെപ്പിൽ പരിക്കേറ്റ് അടുത്ത കാലം വരെ ജീവിച്ചിരുന്ന പാപ്പിനിശ്ശേരി കൃഷ്ണൻ നായർ പാറോത്തുംനീർ സ്വദേശിയായിരുന്നു. ചുണ്ട സ്വദേശിയായിരുന്ന ആമന്തറ ഗോപാലൻ നായർ അറിയപ്പെടുന്ന മറ്റൊരു സ്വാതന്ത്രസമര സേനാനിയായിരുന്നു.
1950-60 കാലഘട്ടങ്ങളിലാണ് പഞ്ചായത്തിൽ കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ജീവസന്ധരണം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് കുടുംബസമേതം താമസത്തിനായി എത്തിച്ചേർന്ന കുടിയേറ്റക്കാര്‍ കർഷകർ ജന്മിമാരിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ഭൂമി കിട്ടിയവരും ഭൂമി കൃഷിക്ക് വളരെ അനുയോജ്യമായ ഘടകങ്ങളുമെല്ലാം കൂടി കുടിയേറ്റത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഒരുകാലത്ത് പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും വ്യാപകമായി കൃഷി ചെയ്തിരുന്ന മരച്ചീനിയും റബ്ബറും മലയോര മേഖലയിലെ കൃഷിയുടെ ഭാഗമാക്കിയത് യഥാർത്ഥത്തിൽ കുടിയേറ്റക്കാരാണ്. കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും കഠിന പ്രയത്നത്താൽ പഞ്ചായത്തിന്റെ കാർഷികമേഖല വലിയപുരോഗതിയിലേക്ക് കുതിച്ചുയരുകയായിരുന്നു. അനുയോജ്യമായ ഫലഭൂയിഷ്ടമായ മണ്ണും കർഷകരുടെ കഠിനാധ്വാനവും റബ്ബർ, തെങ്ങ്, കുരുമുളക്, മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളും വിപുലമായി കൃഷി ചെയ്തുവന്നിരുന്നു.
കൃഷിയെ ഉപജീവനമാക്കിയവരിൽ ചിലർ ജീവിതോപാധി എന്ന നിലയിൽ ചെയ്തുവന്ന ചെറുകച്ചവടമാണ് പിന്നീട് വികസിക്കുകയും വർത്തമാനകാലത്തെ ചെറുപുഴ പട്ടണത്തിന്റെ വളർച്ചയെ നിർണയിച്ചതും.1 955 വരെ മേഖലയിലെ കച്ചവടം അവശ്യസാധനങ്ങൾ കൊട്ടയിൽ നിറച്ച് വീടുകളിൽ എത്തിച്ചിരുന്നു. ഇത്തരം കച്ചവടം തലയിൽ ചാപ്പ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1980 വരെ ഈ രീതി നിലനിന്നിരുന്നു. ചെറുപുഴയിലെ ആദ്യകച്ചവടസ്ഥാപനം കൊടക്കാടൻ കൃഷ്ണൻ എന്നയാൾ നടത്തിയിരുന്ന പലചരക്ക് കടയായിരുന്നു. ഗോപാലൻ നടത്തിയിരുന്ന ചായക്കടയും പ്രവർത്തിച്ചിരുന്നു. തുടർന്ന് ഉണക്കമീൻ കച്ചവടവും കൂടുതൽ അനാദികടകളും ചായക്കടകളും ഉയർന്നുവന്നിരുന്നു. 1970 ആകുമ്പോഴേക്കും കൂടുതൽ കച്ചവടസ്ഥാപനങ്ങൾ ഉയർന്നുവന്നു.
പയ്യന്നൂരിൽ നിന്ന്കിഴക്കോട്ട്പാടിയോട്ടുചാലിലേക്കും തുടർന്ന് ചെറുപുഴയിലേക്കും റോഡ് യാത്രസൗകര്യങ്ങൾ വർദ്ധിച്ചതോടെ വ്യാപാരമേഖലയിൽ കൂടുതൽ ഉണർവ് ഉണ്ടായി. ഒറ്റത്തൈയിൽ ഇബ്രാഹിം സഹോദരൻ ഖാദർ എന്നിവരിൽ നിന്നും കൈമാറ്റം ചെയ്തു വാങ്ങിയ സ്ഥലത്താണ് ചായക്കടകളും അനാദികടകളും തുണിക്കടയും മറ്റും വിപുലമായത്. വളപ്പൻരാമൻ എന്നയാളോട് ആലിക്കുഞ്ഞി എന്നയാൾ വാങ്ങിയ ഭൂമിയിലാണ് പിന്നീട്ഭേദപ്പെട്ട വ്യാപാരസ്ഥാപനത്തിനായി കെട്ടിടം നിർമ്മിച്ചത്. മേൽ കെട്ടിടത്തിലാണ് പഴയകാല കൽപ്പന സ്റ്റുഡിയോ പ്രവർത്തിച്ചുവന്നത്.
കണ്ണൂർ കാസർഗോഡ് ജില്ലകളെ വേർതിരിച്ചിരുന്ന കാര്യങ്കോട്പുഴയ്ക്ക് പാലങ്ങൾ ഇല്ലാതിരുന്ന പഴയകാലത്ത് ഇരുകരകളിലും ഉള്ളവർ യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്നത് മുളകൾകെട്ടി ഉണ്ടാക്കിയ പാണ്ടി എന്നറിയപ്പെട്ടിരുന്ന ചങ്ങാടം ആയിരുന്നു. ഇപ്പോൾ കമ്പിപ്പാലം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു പ്രധാനകടവ്. ( ഇപ്പോൾ ചെക്ക്ഡാം സ്ഥിതിചെയ്യുന്ന സ്ഥലം ). ഈ പ്രദേശം മണക്കടവ് എന്നപേരിൽ അറിയപ്പെട്ടിരുന്നു. മീൻപിടുത്തം തൊഴിലായി സ്വീകരിച്ച മയ്യിൽ ചൂളിയാട് സ്വദേശി എളംതോട്ടത്തിൽ കമൽ എന്നയാളാണ് പാണ്ടികുത്തിയ ആദ്യവ്യക്തി. മണക്കടവിന് പുറമേ അരിയിരുത്തി ആറാട്ട്കടവിന് സമീപത്ത് ആയന്നൂർ ക്ഷേത്രക്കടവിന് സമീപവും കാര്യങ്കോട്പുഴയിൽ തിരുമേനിപ്പുഴ സംഗമിക്കുന്ന സ്ഥലത്തും പാണ്ടിക്കടത്ത് ഉണ്ടായിരുന്നു. ഈ പ്രദേശം ഇന്ന് പാണ്ടിക്കടവ് എന്നാണ് അറിയപ്പെടുന്നത്.
കാർഷികോല്പന്നങ്ങൾ കൊണ്ടുപോകാൻ പയ്യന്നൂർ മേഖലകളിൽ നിന്ന് ചരക്കുകൾ എത്തിക്കാനും നടപ്പാതകളും മറ്റുവഴികളും തികയാതെവന്നപ്പോഴാണ് റോഡുകൾ നിർമ്മിച്ചുതുടങ്ങിയത്. പ്രധാന വ്യാപാരകേന്ദ്രം ആയിരുന്ന പയ്യന്നൂരിൽ നിന്ന് അരവഞ്ചാൽ വരെ ഉണ്ടായിരുന്ന റോഡ് പിന്നീട് പാടിച്ചാലിലേക്കും തുടർന്ന് ചെറുപുഴയിലേക്കും നീട്ടുകയായിരുന്നു.
1960 കളിലാണ് ചെറുപുഴയിലേക്ക് റോഡ് നിർമ്മിച്ചത്. പിന്നീടാണ് പുളിങ്ങോത്തേക്കും തിരുമേനിഭാഗത്തേക്കും യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി റോഡ് നിർമ്മിച്ചത്. 1966 ൽ പുളിങ്ങോം റോഡിൽ ചെറുപുഴ പാലം നിർമ്മിച്ചു. തൊട്ടടുത്ത വർഷത്തെ മലവെള്ളപ്പാച്ചിലിൽ പാലം ഒലിച്ചുപോയെങ്കിലും ആയിരുന്നു. പിന്നീട് കൂടുതൽ ഉറപ്പോടെ നിർമ്മിച്ച കോൺക്രീറ്റ് പാലമാണ് ചെറുപുഴയ്ക്ക്കിഴക്കുള്ള യാത്രസൗകര്യത്തിനും മറ്റു വികസനപ്രവർത്തനത്തിനും പുരോഗതിയിലേക്ക് നയിച്ചത്.
അന്ധവിശ്വാസത്തിലും, അനാചാരത്തിലും കഴിഞ്ഞുവന്നിരുന്ന ജനത ആദ്യകാലങ്ങളിൽ രോഗവിമുക്തിക്ക് വേണ്ടി മന്ത്രവാദത്തെയും ആഭിചാരത്തെയും ആശ്രയിച്ചിരുന്നുവെങ്കിൽ പിന്നീട് നാട്ടുവൈദ്യത്തിലേക്കും ആയുർവേദത്തിലേക്കും മാറുകയായിരുന്നു. കാലങ്ങൾ കഴിഞ്ഞതോടെ ജനങ്ങൾ അലോപ്പതി ചികിത്സാരംഗത്തേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു. 1967 ഓടെ ചിദംബരം എന്ന പേരുള്ള ഡോക്ടർ ചെറുപുഴയിൽ സേവനം അനുഷ്ഠിച്ചിരുന്നു. പനി പകർച്ചവ്യാധികൾ മറ്റ് അത്യാവശ്യ ചികിത്സകൾക്കും ഇദ്ദേഹത്തിന്റെ സേവനം ലഭ്യമായിരുന്നു. 1972 ൽ പുളിങ്ങോത്ത് സർക്കാർ വക റൂറൽ ഡിസ്പെൻസറി ആരംഭിച്ചു. അതോടെ കുടിയേറ്റ മേഖലയിൽ അലോപ്പതി ചികിത്സാരംഗത്ത് നമ്മുടെ മേഖല പുരോഗമിച്ചു. ആദ്യകാലത്ത് ചെറുപുഴയിലെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ആയിരുന്നു 1966 ൽ കാക്കയംചാലിൽ മഠത്തിന്റെ കീഴിൽ ആരംഭിച്ച സെന്റ് സെബാസ്റ്റ്യൻ ആശുപത്രിയും നാട്ടുകാർ കുണ്ടുപറമ്പൻ എന്ന പേരിട്ടുവിളിച്ചിരുന്ന തട്ടാശ്ശേരി കുടുംബത്തിന്റെ ആശുപത്രിയും ചെറുപുഴയിൽ പ്രവർത്തിച്ചിരുന്നു.
മനുഷ്യപുരോഗതിയിൽ നിർണായക ഘടകമായിതീരുന്നത് വിദ്യാഭ്യാസരംഗത്തെ കുതിപ്പാണ്. ഗോത്രവിഭാഗത്തിനും മറ്റ് ജനവിഭാഗത്തിനും അറിവ്പകരാൻ ആശാൻ പള്ളിക്കൂടങ്ങളും ഏകാധ്യാപകവിദ്യാലയങ്ങളുമാണ് പഞ്ചായത്തിലെ ആദ്യ വിദ്യാകേന്ദ്രങ്ങൾ. 1936-37 കാലത്താണ് ചുണ്ടയിൽ ഏകാധ്യാപകവിദ്യാലയം ആരംഭിച്ചത്. 1945 ൽ പ്രാപ്പോയിലിലും ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു. 1950 ൽ ചെറുപുഴയിൽ ജാനകി മെമ്മോറിയൽ എൽപി സ്കൂളും 1957 ൽ കോഴിച്ചാലിൽ സെന്റ് അഗസ്റ്റ്യൻ എൽപിസ്കൂളും ആരംഭിച്ചു. 1980 കളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ മേഖലയിൽ സ്കൂളുകൾ വന്നതോടെ നമ്മുടെ വിദ്യാഭ്യാസമേഖല പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. 1957 ൽ ജവഹർവായനശാലയാണ് പഞ്ചായത്തിലെ ആദ്യ വായനശാല. പിന്നീട് നിരവധി വായനശാലകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്ന പതിനഞ്ചോളം വായനശാലകൾ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനമായി തിളങ്ങിനിൽക്കുന്നു. പഞ്ചായത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ ചാലക ശക്തിയായി തീർത്തും മികച്ച നിലകളിൽ പ്രവര്‍ത്തിക്കുന്ന വായനശാല തന്നെ.